സ്ഥാപന ചരിത്രം
📜 സ്ഥാപന ചരിത്രം
തുമ്പമൺ ഗ്രാമത്തിന്റെ ചരിത്രപരവും സാംസ്കാരികവുമായ പാരമ്പര്യത്തിന്റെ ഒരു അവലോകനം
തുമ്പമൺ ഗ്രാമം സാമൂഹിക ചരിത്രത്തിൽ പ്രവേശിക്കുന്നത് ഏതാണ്ട് എ.ഡി 8-ം നൂറ്റാണ്ടോടു കൂടിയാണെന്ന് പൊതുവെ വിശേഷിക്കപ്പെടുന്നു. എഴുതപ്പെട്ട ആധികാരിക രേഖകളോ, ചരിത്രാവശിഷ്ടങ്ങളോ ലഭ്യമല്ലാത്തതിനാൽ ഐതീഹ്യം, ആചാരം, ജനങ്ങളുടെ വിശ്വാസം തുടങ്ങിയവ വിശകലനം ചെയ്തു മാത്രമേ ചരിത്ര പശ്ചാത്തലത്തിലേക്ക് എത്താൻ കഴിയൂ.
പന്തളം രാജാവിന്റെയും, ചെന്നീർക്കര രാജാവിന്റെയും രാജ്യങ്ങളുടെ തുമ്പ് (അതിര്) നില്ക്കുന്ന സ്ഥലമായതിനാലാണ് ഈ പ്രദേശത്തിന് തുമ്പമൺ എന്ന പേര് വരാൻ കാരണമെന്നു ഒരുവിഭാഗം ചരിത്രകാരന്മാർ പറയുന്നു. എന്നാൽ തുമ്പച്ചെടി സമൃദ്ധമായി കണ്ടിരുന്ന സ്ഥലമായതുകൊണ്ട് ഈ പ്രദേശം തുമ്പമൺ ആയി എന്ന് ഭാഷാപണ്ഡിതന്മാർ വാദിക്കുന്നു.
⚔️ ചേര-ചോള യുദ്ധകാലവും സൈനിക ചരിത്രവും
ചേര-ചോള യുദ്ധകാലത്ത് (എ.ഡി 1150) രാജ്യാതിർത്തികൾ സൈനിക താവളങ്ങൾ ആക്കി മാറ്റിയപ്പോൾ പന്തളം രാജ്യത്തിന്റെ ഒരു അതിരായ തുമ്പമണ്ണും ഒരു സൈനിക താവളമായി മാറി.
ഇവിടുത്തെ പല ഭവനങ്ങളുടെ പേരുകൾ ഭാഷാപരമായി വിശകലനം ചെയ്താൽ ഈ സ്ഥലം രാജവംശത്തിന്റെ ആയുധ നിർമ്മാണവും സൂക്ഷിപ്പും നടന്നിരുന്ന ഗ്രാമം ആയിരുന്നു എന്ന് അനുമാനിക്കാം. പന്തളം രാജാവിന്റെ കാര്യസ്ഥൻ ആയിരുന്ന അമീനാദാർ തുമ്പമൺ പ്രദേശത്ത് താമസിച്ചിരുന്നതായി ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു.
ചേര-ചോള യുദ്ധത്തിന്റെ ഫലമായി നിലയ്ക്കൽ കച്ചവടകേന്ദ്രം നശിപ്പിക്കപ്പെട്ടപ്പോൾ അവിടുന്ന് പാലായനം ചെയ്തവർ കടമ്പനാട്, ചെങ്ങന്നൂർ, വെൺമണി തുടങ്ങിയ സ്ഥലങ്ങളിലേക്ക് കുടിയേറിയെന്നും കാലാന്തരത്തിൽ പ്രസ്തുത പ്രദേശങ്ങളിൽ നിന്നെല്ലാം തുമ്പമണ്ണിൽ എത്തി സ്ഥിരതാമസം ആക്കിയെന്നും കരുതപ്പെടുന്നു.
📖 ചരിത്രരേഖകളിലെ തുമ്പമൺ
1816-ൽ ബ്രിട്ടീഷ് സർവെയർമാരായ ബെഞ്ചമിൻ സ്വ വെൻ ബാർഡും പീറ്റർ ഐറിനിയൻ കോണറും ചേർന്ന് രചിച്ച Memoir of the Survey of the Travancore and Cochin States എന്ന ഗ്രന്ഥത്തിൽ തുമ്പമണ്ണിനെപ്പറ്റി പരാമർശിക്കുന്നു.
തുമ്പമൺ സുറിയാനി ക്രൈസ്തവർ തിങ്ങിപ്പാർക്കുന്ന ഗ്രാമമാണെന്നും ഇവിടെ പ്രശസ്തമായ പള്ളി ഉണ്ടെന്നും, മൂന്ന് നൂറ്റാണ്ടുകൾക്ക് മുമ്പ് നിർമ്മിച്ച ചുറ്റുമതിൽ കൊണ്ട് ദേവാലയം വേർതിരിച്ചിരിക്കുന്നുവെന്നും ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു.
🏛️ വ്യാപാര കേന്ദ്രമായ തുമ്പമൺ
തുമ്പമൺ ഒരു വ്യാപാര കേന്ദ്രം ആയിരുന്നു എന്ന കാര്യത്തിൽ തർക്കമില്ല. 1484-ൽ വേണാട് രാജാവ് വിദേശ രാജ്യങ്ങളുമായി കച്ചവടം ചെയ്യുന്നതിനുള്ള അവകാശം ക്രൈസ്തവർക്ക് നൽകിയപ്പോൾ മുതൽ ഈ ദേശവാസികൾ വിദേശ വ്യാപാരികളുമായി ബന്ധം സ്ഥാപിച്ചിരിക്കുകയാണ്.
വലിയ പള്ളിയുടെ പടിഞ്ഞാറ് ഭാഗത്തുള്ള വിശാലമായ മൈതാനം കേന്ദ്രീകരിച്ച് കുരുമുളക്, അടയ്ക്ക (കോറൽ പാക്ക്) തുടങ്ങിയ മലഞ്ചരക്ക് ഉൽപ്പന്നങ്ങളുടെ വിപുലമായ വ്യാപാരം ഉണ്ടായിരുന്നു.
🕌 സാമൂഹിക വൈവിധ്യം
പന്തളം രാജാവിന്റെ സൈനികരായിരുന്ന മുസ്ലീം സമുദായ അംഗങ്ങളും ഇവിടെ സ്ഥിരതാമസം ആക്കിയിരുന്നു എന്ന് ചരിത്രപഠനം സൂചിപ്പിക്കുന്നു.
ക്രിസ്ത്യാനികൾ കച്ചവട രംഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ രാജ്യതലസ്ഥാനത്തിന്റെ അകത്തേക്ക് മുസ്ലീങ്ങൾ താമസം മാറ്റി. ഇപ്പോഴും നിലനില്ക്കുന്ന മുസ്ലീം ചുവയുള്ള പല വീട്ടുപേരുകളും ഈ അഭിപ്രായത്തെ പ്രബലപ്പെടുത്തുന്നു.
🎭 കലാ-സാംസ്കാരിക പാരമ്പര്യം
കലാസാംസ്കാരിക രംഗത്തും ചരിത്രം കുറിക്കാൻ തുമ്പമണ്ണിന് കഴിഞ്ഞിട്ടുണ്ട്. പ്രധാനമായ ക്രിസ്ത്യൻ ഭൂരിപക്ഷ പ്രദേശം ആയതിനാൽ ക്രിസ്ത്യാനികളുടെ അനുഷ്ഠാന കലകൾ ആയിരുന്ന മാർഗംകളി, പരിചമുട്ടുകളി, റംബാൻ പാട്ട് തുടങ്ങിയവ പഴയ കാലത്ത് ഇവിടെ പ്രചാരത്തിൽ ഉണ്ടായിരുന്നു.
മാർഗംകളി പ്രചരിപ്പിക്കുന്നതിനും പരിശീലിപ്പിക്കുന്നതിനുമായി ഈ നാട്ടിൽ നിന്ന് പ്രശസ്തരായ കളി ആശാൻമാർ സമീപ സ്ഥലങ്ങളിൽ പോയി നേത്യത്വം നൽകിയിട്ടുണ്ടെന്ന് പഴമ പരിചയമുള്ളവർ അഭിപ്രായപ്പെടുന്നു.
🌟 പ്രമുഖ വ്യക്തിത്വങ്ങൾ
✍️ പന്തളം കെ.പി.
മലയാള സാഹിത്യ തറവാട്ടിലെ അറിയപ്പെടുന്ന കവിയും വിനോദ സാഹിത്യകാരനുമായ പന്തളം കെ.പി. ഈ ഗ്രാമത്തിന്റെ സാംസ്കാരിക രംഗത്ത് നിറഞ്ഞുനിന്ന വ്യക്തിയായിരുന്നു.
🎬 തുമ്പമൺ പദ്മനാഭൻകുട്ടി
മലയാള നാടക രംഗത്തും ആദികാല സിനിമാരംഗത്തും തനതായ വ്യക്തിത്വം നിലനിർത്തിയ കലാകാരനായിരുന്നു അദ്ദേഹം.
🏅 ഡോ. ടി.ജെ.എസ്. ജോർജ് & ഡോ. അലക്സാണ്ടർ ജേക്കബ്
പദ്മഭൂഷൺ ജേതാവായ ഡോ. ടി.ജെ.എസ്. ജോർജ്ജും, മുൻ ഡി.ജി.പി. ഡോ. അലക്സാണ്ടർ ജേക്കബ്ബും ഈ കാലഘട്ടത്തിലെ സാംസ്കാരിക നായകന്മാരിൽ പ്രമുഖരാണ്.
🏆 കലാസാംസ്കാരിക നേട്ടങ്ങൾ
കലാരംഗത്ത് ഒരു പ്രൊഫഷണൽ ട്രൂപ്പ് ആയി വളരുന്നതിന് ഈ പഞ്ചായത്തിലെ സൃഷ്ടി കലാസമിതിക്ക് കഴിഞ്ഞു എന്നുള്ളത് എടുത്തുപറയത്തക്ക വസ്തുതയാണ്.
അതുപോലെ തന്നെ ദേശീയ യുവോത്സവത്തിൽ നാടൻപാട്ടിന് ദൃശ്യ ആർട്സ് ക്ലബ്ബ് ഒന്നാം സ്ഥാനം നേടിയതും പ്രത്യേകം പ്രസ്താവിതമാണ്.
🌍 പ്രവാസി സമൂഹവും സാമ്പത്തിക മേഖലയുമ്
വിദേശ മലയാളികൾ വളരെ ഉള്ള ഒരു പ്രദേശമാണ് തുമ്പമൺ. ഇവിടുത്തെ ബാങ്കിംഗ് സ്ഥാപനങ്ങളുടെ കേന്ദ്രീകരണം പരിശോധിച്ചാൽ വിദേശ മലയാളികളുടെ സ്വാധീനം വ്യക്തമാകും.
പ്രവാസി മലയാളികൾ വളരെ കൂടുതൽ ഉള്ള (സമീപ പഞ്ചായത്തുകളുമായി താരതമ്യം ചെയ്യുമ്പോൾ) പഞ്ചായത്താണ് ഇത്. ഇവിടുത്തെ സാമ്പത്തിക മേഖലയിൽ ഇതിന്റെ സ്വാധീനം വളരെ വലുതാണ്.
എന്നാൽ പ്രദേശത്തെ സംഘടിത തൊഴിൽ മേഖല വളരാൻ ഉള്ള സാഹചര്യം ഇല്ലാത്തതിനാൽ പഞ്ചായത്തിന് വരുമാനം തുച്ഛമാണ്.