🌧️ മഴക്കാല പ്രതിരോധ ആരോഗ്യ ബോധവത്കരണ ക്ലാസും സൗജന്യ മെഡിക്കൽ ക്യാമ്പും 🌿
തുമ്പമണ്‍ ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

തുമ്പമൺ ഗ്രാമത്തിന്റെ ചരിത്രം

സാംസ്കാരികവും സാമൂഹികവുമായ പൈതൃകത്തിന്റെ സമ്പന്ന ചരിത്രരേഖ

തുമ്പമണ്‍ ഗ്രാമത്തിന്റെ ചരിത്രമാരംഭിക്കുന്നത് എ.ഡി.എട്ടാം നൂറ്റാണ്ടോടുകൂടിയാണ്. എ.ഡി.നാലാം നൂറ്റാണ്ടില്‍ എഴുതപ്പെട്ടു എന്നു കരുതുന്ന “പതിറ്റുപ്പത്ത്”-ല്‍ തുമ്പമണ്ണിന്റെ പരിസരപ്രദേശങ്ങളെപ്പറ്റി പരാമര്‍ശിക്കുന്നുണ്ട്.

തുമ്പച്ചെടി സമൃദ്ധമായി കണ്ടിരുന്ന സ്ഥലമായിരുന്നതുകൊണ്ട് ഈ പ്രദേശം “തുമ്പമണ്‍” ആയി എന്ന് ഭാഷാ പണ്ഡിതന്മാര്‍ വാദിക്കുമ്പോള്‍ പന്തളം രാജാവിന്റെയും ചെന്നീര്‍ക്കര രാജാവിന്റെയും രാജ്യങ്ങളുടെ അതിര് അഥവാ “തുമ്പ്” നില്‍ക്കുന്ന സ്ഥലം “തുമ്പമണ്‍” ആയി എന്ന് ചരിത്രകാരന്മാര്‍ സമര്‍ഥിക്കുന്നു. പക്ഷേ പുറം നാടുകളില്‍ ഇപ്പോഴും ഈ സ്ഥലം “തുമ്പോണ്‍” ആയി അറിയപ്പെടുന്നു.

ചേരചോള യുദ്ധത്തിന്റെ ഫലമായി നിലയ്ക്കല്‍ കച്ചവടകേന്ദ്രം 1314 ലോടടുത്ത് നശിപ്പിക്കപ്പെട്ടപ്പോള്‍ അവിടെ നിന്ന് ക്രിസ്ത്യാനികള്‍ പലായനം ചെയ്ത് കടമ്പനാട്, ചെങ്ങന്നൂര്‍, വെണ്മണി തുടങ്ങിയ സ്ഥലങ്ങളിലേക്ക് കുടിയേറി എന്നും കാലാന്തരത്തില്‍ പ്രസ്തുത പ്രദേശങ്ങളില്‍ നിന്നെല്ലാം തുമ്പമണ്ണില്‍ എത്തി സ്ഥിര താമസമാക്കി എന്നും കരുതപ്പെടുന്നു.

1816-ല്‍ ബ്രിട്ടീഷ് സര്‍വേയര്‍മാരായി തിരുവിതാംകൂറിലും, കൊച്ചിയിലും സേവനമനുഷ്ഠിച്ച ബഞ്ചമിന്‍ സ്വെന്‍ വാര്‍ഡ്, പീറ്റര്‍ ഐറീ കോണര്‍ എന്നിവര്‍ ചേര്‍ന്നഴുതിയ “മിമോയര്‍ ഓഫ് ദി സര്‍വ്വെ ഓഫ് ദി ട്രാവന്‍കൂര്‍ ആന്റ് കൊച്ചിന്‍ സ്റ്റേറ്റ്സ്” എന്ന ഗ്രന്ഥത്തില്‍ തുമ്പമണ്ണിനെപ്പറ്റി താഴെ ചേര്‍ക്കും വിധം പരാമര്‍ശിക്കുന്നുണ്ട്.

“തുമ്പമണ്‍ സുറിയാനി ക്രൈസ്തവര്‍ തിങ്ങിപ്പാര്‍ക്കുന്ന ഒരു ഗ്രാമമാണെന്നും ഇവിടെ പ്രസിദ്ധമായ ഒരു പള്ളിയുണ്ടെന്നും മൂന്നു നൂറ്റാണ്ടുകള്‍ക്ക് മുമ്പ് നിര്‍മ്മിച്ച ചുറ്റുമതില്‍ കൊണ്ട് ഈ ദേവാലയം വേര്‍തിരിച്ചിരിക്കുന്നു” എന്നും സൂചിപ്പിച്ചിരിക്കുന്നു.

“ഇവിടം കച്ചവടത്തിന്റെ സിരാ കേന്ദ്രമാണ്. വാണിജ്യരംഗത്ത് വേണ്ടുവോളം പ്രോത്സാഹനം ലഭിച്ചതിനാല്‍ ഈ രംഗത്ത് വിജയം നേടി സമ്പന്നവും ആഡംബര സമൃദ്ധവുമായ ജീവിതം നയിക്കുന്നവരുണ്ട്”.

കയറ്റുമതി ഇറക്കുമതി ചുങ്കം പിരിക്കുന്നതിനുള്ള പ്രത്യേക അധികാരവും ഇവര്‍ക്കുണ്ടായിരുന്നതായും രേഖപ്പെടുത്തിയിരിക്കുന്നു. 1484-ല്‍ വേണാട് രാജാവ് വിദേശ രാജ്യങ്ങളുമായി കച്ചവടം ചെയ്യുന്നതിനുള്ള അവകാശം ക്രൈസ്തവര്‍ക്ക് നല്‍കിയപ്പോള്‍ മുതല്‍ ദേശവാസികള്‍ വിദേശവ്യാപാരികളുമായി ബന്ധം സ്ഥാപിച്ചിരിക്കാം.

വലിയപള്ളിയുടെ പടിഞ്ഞാറ് ഭാഗത്തുള്ള വിശാലമായ മൈതാനം കേന്ദ്രീകരിച്ച് കുരുമുളക്, അടയ്ക്ക (കോറപ്പാക്ക്) തുടങ്ങിയ മലഞ്ചരക്ക് ഉല്പന്നങ്ങളുടെ വിപുലമായ വ്യാപാരം അടുത്തകാലം വരെ ഉണ്ടായിരുന്നു. ഈ സ്ഥലത്ത് വലിയ ഗോഡൌണുകളും മറ്റും സമീപകാലം വരെ നിലനിന്നിരുന്നു എന്ന് കാണുമ്പോള്‍ തുമ്പമണ്‍ പ്രശസ്തമായ ഒരു മലഞ്ചരക്ക് കച്ചവട കേന്ദ്രമായിരുന്നു എന്നു കാണാം.

പന്തളം രാജാവിന്റെ സൈനികരായിരുന്ന മുസ്ളീം സമുദായാംഗങ്ങളും ഇവിടെ സ്ഥിരതാമസമാക്കിയിരുന്നു എന്ന് ചരിത്രം സൂചിപ്പിക്കുന്നു. ക്രിസ്ത്യാനികള്‍ കച്ചവടരംഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ചപ്പോള്‍ രാജ്യതലസ്ഥാനത്തിനടുത്തേക്ക് മുസ്ളീങ്ങള്‍ താമസം മാറ്റി.

വിദ്യാഭ്യാസത്തിന്റെ വളർച്ച

1880-ല്‍ വലിയപള്ളിയുടെ മുഖ്യ ചുമതലയില്‍ ഒരു ആണ്‍പള്ളിക്കൂടം (കളീക്കല്‍ സ്കൂള്‍) സ്ഥാപിച്ചാണ് നാട്ടില്‍ ഔപചാരിക വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചത്.

ഈ വിദ്യാലയത്തോടനുബന്ധിച്ച് 1894-ല്‍ പെണ്‍കുട്ടികള്‍ക്കായി ഒരു പ്രൈമറി സ്കൂള്‍ ആരംഭിക്കുകയും പിന്നീട് ഇവ യോജിപ്പിച്ച് സംയുക്തമായി 1923-ല്‍ മലയാളം അപ്പര്‍ പ്രൈമറി സ്കൂള്‍ (ഇന്നത്തെ ഗവ.യു പി സ്കൂള്‍) പ്രവര്‍ത്തനമാരംഭിക്കുകയും ചെയ്തു.

ഇപ്പോള്‍ മുട്ടം ഭാഗത്ത് പ്രവര്‍ത്തിക്കുന്ന ഗവ എല്‍ പി സ്കൂളിന് ഒരു നൂറ്റാണ്ടോളം പഴക്കമുണ്ട്.

1897-ല്‍ തുമ്പമണ്‍ വലിയ പള്ളിയുടെ പടിഞ്ഞാറ് ഭാഗത്തുണ്ടായിരുന്ന പടിപ്പുര മാളികയില്‍ പരുമല കൊച്ചുതിരുമേനിയുടെ പ്രയത്നഫലമായി ഒരു ഇംഗ്ളീഷ് മിഡില്‍ സ്കൂള്‍ പ്രവര്‍ത്തനമാരംഭിക്കുകയും നാട്ടില്‍ ആധുനിക വിദ്യാഭ്യാസത്തിന് അടിത്തറയിടുകയും ചെയ്തു.

കലയും സംസ്കാരവും

പ്രധാനമായും ക്രിസ്ത്യന്‍ ഭൂരിപക്ഷ പ്രദേശമായതിനാല്‍ ക്രിസ്ത്യാനികളുടെ അനുഷ്ഠാനകലകളായ മാര്‍ഗംകളി, പരിചമുട്ട് കളി, റമ്പാന്‍പാട്ട് തുടങ്ങിയവ പഴയകാലത്ത് ഇവിടെ പ്രചാരത്തിലുണ്ടായിരുന്നു.

മലയാള നാടക രംഗത്തും, ആദ്യകാല സിനിമാ രംഗത്തും തനതായ വ്യക്തിത്വം നിലനിര്‍ത്തിയ തുമ്പമണ്‍ പത്മനാഭന്‍കുട്ടി ഈ നാടിന്റെ അഭിമാനമാണ്.

“ഓച്ചിറ പരബ്രഹ്മോദയ നടന കലാസമിതി”യിലെ പ്രതിഭാധനനായ നടനായിരുന്ന അദ്ദേഹം “ഇരവിക്കുട്ടിപ്പിള്ള പടത്തലവന്‍”, “ഉമയമ്മറാണി”, “കരുണ”, “നാളത്തെ നാദം”, “സമരാന്ത്യം”, “താജ്മഹല്‍” തുടങ്ങിയ ചരിത്ര-സാമൂഹ്യ നാടകങ്ങളില്‍ കൂടി അഭിനയ പാടവം തെളിയിച്ചു കൊണ്ട് കേരളം മുഴുവന്‍ പ്രശസ്തനായി.